Tuesday, July 19, 2011

അരീക്കോട് സ്റ്റേഡിയം: പുതിയ രൂപരേഖ തയ്യാറാക്കുമെന്ന് പ്രസിഡന്റ്

അരീക്കോട്: പഞ്ചായത്ത് മൈതാനം ആധുനികരീതിയില്‍ സ്റ്റേഡിയമാക്കുന്നതിന് കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ രൂപരേഖ മാറ്റി പുതിയത് തയ്യാറാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. സഫറുള്ള പറഞ്ഞു. കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ രൂപരേഖ തിങ്കളാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു.

പഴയ രൂപരേഖ പ്രകാരം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിലവില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി മതിയാകില്ല. സമീപത്തെ വ്യക്തികളുടെ ഭൂമികൂടി അക്വയര്‍ചെയ്യേണ്ടിവരും. ഇക്കാര്യം കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ പ്ലാനില്‍ത്തന്നെ കാണിച്ചിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. പഴയ പ്ലാന്‍ അനുസരിച്ച് നിര്‍മാണഘട്ടങ്ങളെ എ മുതല്‍ എച്ച് വരെ എട്ട് ബ്ലോക്കുകളാക്കി വിഭജിച്ചിട്ടുണ്ട്. ഇതില്‍ മൈതാനത്തിന്റെ വടക്കുകിഴക്ക് മൂലയില്‍ വരുന്ന ബി, സി എന്നീ ബ്ലോക്കുകളും വടക്ക് പടിഞ്ഞാറെ മൂലയില്‍ വരുന്ന ജി ബ്ലോക്കും നിലവിലുള്ള മൈതാനത്തിന് പുറത്തുള്ള ഭൂമിയിലായാണ് കാണിച്ചിട്ടുള്ളത്. ആധുനിക രീതിയിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയവും അതിന് ചുറ്റും ഷോപ്പിങ്‌കോംപ്ലക്‌സും ബസ്സ്റ്റാന്‍ഡും നിര്‍മിക്കുമ്പോള്‍ ഇതല്ലാതെ മറ്റുമാര്‍ഗങ്ങളില്ല. അതേസമയം വ്യക്തികളുടെ ഭൂമി അക്വയര്‍ചെയ്യുമ്പോള്‍ കോടതിയും കേസ്സുമായി ഇനിയും പണിനീണ്ടേക്കും. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അധീനതയിലുള്ള ഭൂമിമാത്രം ഉപയോഗപ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കാവുന്നവിധം പുതിയ രൂപരേഖ തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ രൂപരേഖ തയ്യാറാക്കുമ്പോള്‍ ആധുനിക ഫുട്‌ബോള്‍ സ്റ്റേഡിയത്തിനായിരിക്കും മുഖ്യപരിഗണന. സെവന്‍സ് ടൂര്‍ണമെന്റുകളും ഇലവന്‍സ് ടൂര്‍ണമെന്റുകളും നടത്താനും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഗാലറിയിലിരുന്ന് കളി ആസ്വദിക്കാനും കഴിയുന്നവിധത്തിലുള്ള സ്റ്റേഡിയമാണ് ഭരണസമിതി വിഭാവനംചെയ്യുന്നത്. അതോടൊപ്പം സ്റ്റേഡിയത്തിനകത്ത് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഭരണസമിതിയുടെ സ്വപ്നമാണ്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക് വരുന്നതോടെ സ്‌കൂള്‍വിദ്യാര്‍ഥികളും മറ്റും ട്രാക്കിലും പരിശീലനം നേടുമെന്നും അതുവഴി ഇപ്പോള്‍ ഫുട്‌ബോള്‍ രംഗത്ത് മാത്രമുള്ള അരീക്കോടിന്റെ മേല്‍ക്കോയ്മ ട്രാക്കിലേക്കും വ്യാപിപ്പിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സഫറുള്ള പറഞ്ഞു.

ഇത്രയും നിര്‍മാണപ്രവൃത്തികള്‍ നടത്തുമ്പോള്‍ സ്റ്റേഡിയത്തിനുചുറ്റും ബസ്സ്റ്റാന്‍ഡുകൂടി നിര്‍മിക്കാനുള്ള സ്ഥലം പഞ്ചായത്തിനുണ്ടാവില്ല. ബസ്സ്റ്റാന്‍ഡിന് പുതിയ സ്ഥലം കണ്ടെത്താന്‍ തീവ്രശ്രമം നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

Thursday, July 14, 2011

അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ആറുകോടിയുടെ പദ്ധതികള്‍

അരീക്കോട്: ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച ആറുകോടിയില്‍പ്പരം രൂപ ചെലവുവരുന്ന വികസന പദ്ധതികള്‍ക്ക് മലപ്പുറം ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗീകാരം നല്‍കി. ഇതില്‍ മൂന്നുകോടി 67 ലക്ഷം രൂപയും വികസന പദ്ധതികള്‍ക്കുള്ളവയാണ്.

ഉത്പാദന മേഖലയില്‍ ഭക്ഷ്യസുരക്ഷയും പച്ചക്കറി വികസനവും കേരശ്രീ, ഏറനാട് മില്‍ക്ക് തുടങ്ങിയ നവീന മാതൃകാ പദ്ധതികള്‍ക്കും സേവന മേഖലയില്‍ ആരോഗ്യരംഗത്തെ സമഗ്ര വികസനത്തിനും സ്വയംതൊഴില്‍ കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ളവയ്ക്കും വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി, ശാസ്ത്ര വിജ്ഞാന ജാഗരണ പദ്ധതി, ലഹരിവിമുക്ത ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

പട്ടികജാതി വിഭാഗങ്ങള്‍ക്കായി എന്‍ട്രന്‍സ് കോച്ചിങ്, പഠനോപകരണങ്ങള്‍ വാങ്ങല്‍, ശ്മശാനങ്ങള്‍ക്ക് ചുറ്റുമതില്‍, ശവമഞ്ചല്‍ സൂക്ഷിക്കുന്നതിനുള്ള ഷെഡ് നിര്‍മാണം തുടങ്ങിയവയ്ക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കൂടാതെ പട്ടികജാതി സംസ്‌കാരികനിലയം സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി. ഇതോടൊപ്പം പട്ടികജാതി കോളനികളില്‍ സൗരോര്‍ജ വിളക്കുകളും സ്ഥാപിക്കും.

പശ്ചാത്തല മേഖലയില്‍ പതിവനുസരിച്ച് റോഡ്, കലുങ്ക് തുടങ്ങിയവ നിര്‍മിക്കുന്നതിന് പതിവുപോലെ തുക വകയിരുത്തിയിട്ടുണ്ടെന്നും ബ്ലോക്ക് പ്രസിഡന്റ് എം.സി. മുഹമ്മദാജി പറഞ്ഞു.

സ്ഥലമേറ്റെടുത്തിട്ട് 25 വര്‍ഷം കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും കളിക്കളമില്ലാതെ കാല്‍പ്പന്തിന്റെ നാട്

അരീക്കോട്: ഫുട്‌ബോളിന്റെ മക്കയെന്നൊക്കെയാണ് അരീക്കോടിന്റെ വിശേഷണം. എന്നാല്‍ പന്തുരുട്ടാന്‍ ഒരു നല്ല പാടം പോലുമില്ല. 25 വര്‍ഷം മുമ്പ് മൈതാനത്തിന് സ്ഥലം ഏറ്റെടുത്തെങ്കിലും ഒരു ഗോള്‍പോസ്റ്റ് പോലും സ്ഥാപിക്കാനുമായിട്ടില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനുപോലും മികച്ച കളിക്കാരെ സംഭാവനചെയ്ത ഒരു നാടിന്റെ ദുരവസ്ഥയാണിത്.

1986-ല്‍ ആണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് മുസ്‌ലിയാര്‍ ബാപ്പു മൈതാനത്തിനായി സ്ഥലമേറ്റെടുത്തത്. അരീക്കോട് ടൗണിനോട് ചേര്‍ന്ന കാട്ടുതായ് പാടത്ത് നാലേക്കര്‍ സ്ഥലമാണ് വിലയ്‌ക്കെടുത്തത്. അതിനുശേഷം പഞ്ചായത്ത് ഭരണസമിതികള്‍ മാറിമാറി വന്നു. എന്നാല്‍ അവര്‍ക്ക് ബാപ്പു മുസ്‌ലിയാരുടെ സ്വപ്നം പൂവണിയിക്കാനായില്ല. മാത്രമല്ല സ്റ്റേഡിയത്തിന് മുസ്‌ലിയാരുടെ പേര് നല്‍കി അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു.

2002-ലെ ലോകകപ്പ് മത്സരത്തിന്റെ മുന്നോടിയായി 'മാതൃഭൂമി' അരീക്കോട്ട് നടത്തിയ 'ലോകകപ്പ് വരവേല്പ് മത്സര'ത്തിന്റെ ലാഭമുപയോഗിച്ച് മൈതാനം മണ്ണിട്ട് നിരത്തിയിരുന്നു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങളില്ലാതിരുന്നതിനാല്‍ ആ മണ്ണ് മുഴുവന്‍ ഒലിച്ചുപോയി.

ഫുട്‌ബോള്‍ ലോകകപ്പ് കൈയിലേന്താന്‍ അവസരം ലഭിച്ചവരാണ് അരീക്കോട്ടുകാര്‍. ലോകകപ്പ് മത്സരം നേരില്‍ക്കാണാന്‍ അവസരം ലഭിച്ചവരും അരീക്കോടിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ പ്രതീകങ്ങളെന്നവണ്ണം ഇന്നും അരീക്കോട്ടുണ്ട്. ഇന്ത്യക്കുവേണ്ടി സ്വദേശത്തും വിദേശത്തും ബൂട്ടണിഞ്ഞവരും ധാരാളം. പന്തുതട്ടി സര്‍ക്കാര്‍ സര്‍വീസില്‍ കയറിയവരും ഒട്ടേറെ. എന്നാല്‍ ഇന്നും ഇവിടെ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റുകള്‍ കമുകും മുളയും ചേര്‍ത്ത് കെട്ടിയുണ്ടാക്കുന്ന താത്കാലിക ഗാലറികളില്‍ കയറിയിരുന്ന് കാണാനാണ് അരീക്കോട്ടുകാരന്റെ യോഗം.

മാസങ്ങള്‍ക്കുമുമ്പ് തെരട്ടമ്മല്‍ ഗ്രൗണ്ടില്‍ നടന്ന ഗാലറി ദുരന്തത്തോടെ ഇത്തരം ഗാലറികള്‍ ടൂര്‍ണമെന്റ് നടത്തിപ്പുകാരുടെ പേടിസ്വപ്നമായിട്ടുണ്ട്. മറയും ഗാലറിയുമില്ലാതെ നടത്തുന്ന സാധാരണ മത്സരങ്ങള്‍ കാണാന്‍ നാട്ടുകാര്‍ സമീപത്തെ റോഡില്‍നിന്ന് ഗ്രൗണ്ടിലേക്ക് എത്തിനോക്കേണ്ട സ്ഥിതിയാണിന്നുള്ളത്. ആധുനികരീതിയില്‍ ഗ്രൗണ്ട് നിലവില്‍ വന്നാല്‍ ഫുട്‌ബോളില്‍ മാത്രമല്ല ട്രാക്കിലും പെരുമ നേടാന്‍ അരീക്കോടിനാകുമെന്ന് അരീക്കോട്ടെ അഖിലേന്ത്യ വെറ്ററന്‍ ചാമ്പ്യന്‍ അമ്പായത്തില്‍ അബുസ്സമദ് പറയുന്നു. പുതിയ ഭരണസമിതിയെങ്കിലും മൈതാനമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നാണ് അരീക്കോട്ടുകാരുടെ പ്രതീക്ഷ

Wednesday, July 6, 2011

പാഠപുസ്തകങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ; വെബ്‌സൈറ്റ് തുറക്കാന്‍ കഴിഞ്ഞില്ല

അരീക്കോട്: പാഠപുസ്തകങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അധികൃതര്‍ നല്‍കിയ അവസാന സമയം ചൊവ്വാഴ്ച ഉച്ചയോടെ അവസാനിച്ചപ്പോഴും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യാനാകാത്തതിനാല്‍ ഒട്ടേറെ അധ്യാപകര്‍ക്ക് ഇന്‍ഡന്റ് സമര്‍പ്പിക്കാനായില്ല. ബുധനാഴ്ച നടക്കുന്ന മന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പതിവുപോലെ കൃത്യ കണക്കവതരിപ്പിക്കാന്‍ മിക്ക വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സാധിക്കില്ലെന്നുറപ്പായി.

കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. ഇത് മന്ത്രിയെ ക്ഷുഭിതനാക്കിയിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ചത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ കൃത്യ കണക്ക് ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ഉച്ചയോടെ പുസ്തകങ്ങളുടെ കൃത്യ കണക്ക് ഓണ്‍ലൈനായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്ക് ഡി.പി.ഐ നിര്‍ദേശം നല്‍കിയത്.

ഓണ്‍ലൈനായി ഇന്‍ഡന്റ് നല്‍കുന്നതിന്റെ പേരില്‍ ടെക്സ്റ്റ്ബുക്ക് വിഭാഗം അധികൃതര്‍ കഴിഞ്ഞ ഫിബ്രവരി 19 മുതല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് പ്രധാനാധ്യാപകരുടെ പരാതി. അന്ന് ഓരോ ക്ലാസ്സിലുമുള്ള കുട്ടികളുടെ എണ്ണത്തിന്റെ 10 ശതമാനം വര്‍ധിപ്പിച്ച് അടുത്ത വര്‍ഷത്തേക്കുള്ള എണ്ണം കണക്കാക്കാനായിരുന്നു നിര്‍ദേശം. ഇത് ശരിയായ കണക്ക് ലഭിക്കാന്‍ സഹായകമല്ലെന്ന് പിന്നീട് ബോധ്യമായി. തലതിരിഞ്ഞ ഇന്‍ഡന്റ് സമര്‍പ്പണത്തിന് തുടക്കംകുറിച്ചത് ഇങ്ങനെയാണെന്ന് അധ്യാപകര്‍ പറയുന്നു.

ഇങ്ങനെ ഇന്‍ഡന്റ് നല്‍കിയെങ്കിലും കഴിഞ്ഞ മെയ്മാസം സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിച്ച പുസ്തകങ്ങളുടെ എണ്ണവും ഇന്‍ഡന്റും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ഇങ്ങനെ പുസ്തകം ഇറക്കിയപ്പോള്‍ ചില യു.പി സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെ പുസ്തകങ്ങളും ഇറക്കി. അരീക്കോട് ഉപജില്ലയിലെ മൂര്‍ക്കനാട് ഗവ. യു.പി സ്‌കൂളില്‍ എട്ടാംക്ലാസ്സിലെ ടെക്സ്റ്റ്ബുക്കുകള്‍ 750ഉം 800ഉം വീതമാണ് ഇറക്കിവെച്ചത്. ഒട്ടേറെ ഹൈസ്‌കൂളുകള്‍ പാഠപുസ്തകങ്ങള്‍ കിട്ടാതെ വിഷമിക്കുമ്പോള്‍ ഇവിടെ ഈ പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ പെടാപ്പാട് പെടുകയായിരുന്നു. പല സൊസൈറ്റികള്‍ക്കും ആവശ്യമുള്ള പല ഇനങ്ങളും ലഭിച്ചിട്ടുമില്ല.

അതിനിടെയാണ് കഴിഞ്ഞ ആഴ്ച വീണ്ടും ഇന്‍ഡന്റ് സമര്‍പ്പിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം ലഭിചത്. ടെക്സ്റ്റ്ബുക്ക് ഉദ്യോഗസ്ഥര്‍ ഫോണ്‍വഴിയും മറ്റും നല്‍കിയ നിര്‍ദേശം ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം നല്‍കാനായിരുന്നു. എന്നാല്‍ സൈറ്റില്‍ കയറിയപ്പോള്‍ ലഭിച്ച പുസ്തകങ്ങളുടെ മാത്രം എണ്ണം നല്‍കാനെ സംവിധാനമുണ്ടായിരുന്നുള്ളൂ.

അനുവദിച്ച സമയം വളരെ പരിമിതമായതിനാല്‍ സംസ്ഥാനത്തെ മൊത്തം പ്രധാനാധ്യാപകര്‍ ഒന്നിച്ച് സൈറ്റില്‍ കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണം. പലര്‍ക്കും സൈറ്റില്‍ കയറി കണക്ക് നല്‍കാനായിട്ടില്ലെന്നതിനാല്‍ ബുധനാഴ്ച മന്ത്രി നടത്തുമെന്നറിയിച്ച വീഡിയോ കോണ്‍ഫറന്‍സിലും കൃത്യമായ വിവരം അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമോ എന്ന കാര്യം സംശയമാണ്.

കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു

അരീക്കോട്: അരീക്കോട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ 13-ാം വാര്‍ഷികാഘോഷം എം.എല്‍.എ പി.കെ.ബഷീര്‍ ഉദ്ഘാടനംചെയ്തു. ഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.സഫറുള്ള അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മുനീറ തൊഴിലാളികളെ ആദരിച്ചു. സംഘകൃഷിക്കുള്ള സാമ്പത്തിക സഹായ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന ഗോപി നിര്‍വഹിച്ചു. എ.ഫാത്തിമത്‌സുഹ്‌റ, എന്‍.വി.ഫസലുള്ള, കെ.സി.ബഷീര്‍, കെ.വി.ശിവാനന്ദന്‍, കെ.വി.ചന്ദ്രന്‍, പി.ലതിക, അലവി, ഉണ്ണികൃഷ്ണന്‍, പി.ഹഫ്‌സത്ത്, ഷീജ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. വന്ദന 'സ്ത്രീയും സമൂഹവും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു

വിദ്യാഭ്യാസരംഗത്ത് മുസ്‌ലിങ്ങള്‍ നേട്ടങ്ങള്‍ കൊയ്തു - പി.കെ. ബഷീര്‍ എം.എല്‍.എ


അരീക്കോട്: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മുസ്‌ലിം സമൂഹത്തിന് വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങള്‍ കൊയെ്തടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇതില്‍മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണെന്നും പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞു. പുത്തലം മഹല്ല് സംഗമത്തിന്റെ ഭാഗമായി നടന്ന അവാര്‍ഡുദാനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.എന്‍.എം സംസ്ഥാന ജന. സെക്രട്ടറി എ.പി. അബ്ദുല്‍ഖാദര്‍ മൗലവി മഹല്ല് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുജാഹിദ് പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

മഹല്ല് സംസ്‌കരണമെന്ന വിഷയത്തില്‍ ഡോ. സുല്‍ഫിക്കറലിയും ജീവിതലക്ഷ്യമെന്ന വിഷയത്തില്‍ ഹാരിസ്ബ്‌നു സലീമും പ്രബന്ധമവതരിപ്പിച്ചു. കെ.എന്‍.എം ശാഖ സെക്രട്ടറി കെ. മുഹമ്മദ്‌റാഫി സ്വാഗതവും ഐ.എസ്.എം സെക്രട്ടറി യു. ഫിറോസ് നന്ദിയും പറഞ്ഞു. കെ.എന്‍.എം പൊതുപരീക്ഷയില്‍ ഏഴാംക്ലാസില്‍ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ അസ്‌ല ഹാഷിമിനും അഞ്ചാംക്ലാസ്സില്‍ ഒന്നാംറാങ്ക് നേടിയ ഫില്‍ദ ഇസ്മായിലിനും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 183-ാം റാങ്ക് നേടിയ ജിഷാദ് മുഹമ്മദ് റാഫിക്കും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. കുട്ട്യാലി, ഹബീബ് റഹ്മാന്‍, പി. വീരാന്‍കുട്ടി, ആത്വിഫ് എന്നിവര്‍ പ്രസംഗിച്ചു.

ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

അരീക്കോട്: പ്രീ ഒളിമ്പിക് മേഖലാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഷഹബാസ് സലീല്‍, എം.പി. സക്കീര്‍ എന്നിവര്‍ക്ക് തെരട്ടമ്മല്‍ ഫുട്‌ബോള്‍ അക്കാദമി സ്വീകരണം നല്‍കി. ചടങ്ങില്‍ എന്‍.കെ. ഷൗക്കത്തലി അധ്യക്ഷതവഹിച്ചു. മലപ്പുറം എം.എസ്.പി. കമാന്‍ഡന്റ് യു. ഷറഫലി ഉപഹാരങ്ങള്‍ നല്‍കി. എന്‍.കെ. യൂസുഫ്, എ. നാസര്‍, കെ. അസീസ്, ടി.പി. അന്‍വര്‍, കെ. റസാഖ്, സി. നജീബ്, സി. അഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.