Tuesday, July 19, 2011

അരീക്കോട് സ്റ്റേഡിയം: പുതിയ രൂപരേഖ തയ്യാറാക്കുമെന്ന് പ്രസിഡന്റ്

അരീക്കോട്: പഞ്ചായത്ത് മൈതാനം ആധുനികരീതിയില്‍ സ്റ്റേഡിയമാക്കുന്നതിന് കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ രൂപരേഖ മാറ്റി പുതിയത് തയ്യാറാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. സഫറുള്ള പറഞ്ഞു. കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ രൂപരേഖ തിങ്കളാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു.

പഴയ രൂപരേഖ പ്രകാരം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിലവില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി മതിയാകില്ല. സമീപത്തെ വ്യക്തികളുടെ ഭൂമികൂടി അക്വയര്‍ചെയ്യേണ്ടിവരും. ഇക്കാര്യം കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ പ്ലാനില്‍ത്തന്നെ കാണിച്ചിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. പഴയ പ്ലാന്‍ അനുസരിച്ച് നിര്‍മാണഘട്ടങ്ങളെ എ മുതല്‍ എച്ച് വരെ എട്ട് ബ്ലോക്കുകളാക്കി വിഭജിച്ചിട്ടുണ്ട്. ഇതില്‍ മൈതാനത്തിന്റെ വടക്കുകിഴക്ക് മൂലയില്‍ വരുന്ന ബി, സി എന്നീ ബ്ലോക്കുകളും വടക്ക് പടിഞ്ഞാറെ മൂലയില്‍ വരുന്ന ജി ബ്ലോക്കും നിലവിലുള്ള മൈതാനത്തിന് പുറത്തുള്ള ഭൂമിയിലായാണ് കാണിച്ചിട്ടുള്ളത്. ആധുനിക രീതിയിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയവും അതിന് ചുറ്റും ഷോപ്പിങ്‌കോംപ്ലക്‌സും ബസ്സ്റ്റാന്‍ഡും നിര്‍മിക്കുമ്പോള്‍ ഇതല്ലാതെ മറ്റുമാര്‍ഗങ്ങളില്ല. അതേസമയം വ്യക്തികളുടെ ഭൂമി അക്വയര്‍ചെയ്യുമ്പോള്‍ കോടതിയും കേസ്സുമായി ഇനിയും പണിനീണ്ടേക്കും. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അധീനതയിലുള്ള ഭൂമിമാത്രം ഉപയോഗപ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കാവുന്നവിധം പുതിയ രൂപരേഖ തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ രൂപരേഖ തയ്യാറാക്കുമ്പോള്‍ ആധുനിക ഫുട്‌ബോള്‍ സ്റ്റേഡിയത്തിനായിരിക്കും മുഖ്യപരിഗണന. സെവന്‍സ് ടൂര്‍ണമെന്റുകളും ഇലവന്‍സ് ടൂര്‍ണമെന്റുകളും നടത്താനും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഗാലറിയിലിരുന്ന് കളി ആസ്വദിക്കാനും കഴിയുന്നവിധത്തിലുള്ള സ്റ്റേഡിയമാണ് ഭരണസമിതി വിഭാവനംചെയ്യുന്നത്. അതോടൊപ്പം സ്റ്റേഡിയത്തിനകത്ത് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഭരണസമിതിയുടെ സ്വപ്നമാണ്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക് വരുന്നതോടെ സ്‌കൂള്‍വിദ്യാര്‍ഥികളും മറ്റും ട്രാക്കിലും പരിശീലനം നേടുമെന്നും അതുവഴി ഇപ്പോള്‍ ഫുട്‌ബോള്‍ രംഗത്ത് മാത്രമുള്ള അരീക്കോടിന്റെ മേല്‍ക്കോയ്മ ട്രാക്കിലേക്കും വ്യാപിപ്പിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സഫറുള്ള പറഞ്ഞു.

ഇത്രയും നിര്‍മാണപ്രവൃത്തികള്‍ നടത്തുമ്പോള്‍ സ്റ്റേഡിയത്തിനുചുറ്റും ബസ്സ്റ്റാന്‍ഡുകൂടി നിര്‍മിക്കാനുള്ള സ്ഥലം പഞ്ചായത്തിനുണ്ടാവില്ല. ബസ്സ്റ്റാന്‍ഡിന് പുതിയ സ്ഥലം കണ്ടെത്താന്‍ തീവ്രശ്രമം നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

Thursday, July 14, 2011

അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ആറുകോടിയുടെ പദ്ധതികള്‍

അരീക്കോട്: ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച ആറുകോടിയില്‍പ്പരം രൂപ ചെലവുവരുന്ന വികസന പദ്ധതികള്‍ക്ക് മലപ്പുറം ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗീകാരം നല്‍കി. ഇതില്‍ മൂന്നുകോടി 67 ലക്ഷം രൂപയും വികസന പദ്ധതികള്‍ക്കുള്ളവയാണ്.

ഉത്പാദന മേഖലയില്‍ ഭക്ഷ്യസുരക്ഷയും പച്ചക്കറി വികസനവും കേരശ്രീ, ഏറനാട് മില്‍ക്ക് തുടങ്ങിയ നവീന മാതൃകാ പദ്ധതികള്‍ക്കും സേവന മേഖലയില്‍ ആരോഗ്യരംഗത്തെ സമഗ്ര വികസനത്തിനും സ്വയംതൊഴില്‍ കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ളവയ്ക്കും വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി, ശാസ്ത്ര വിജ്ഞാന ജാഗരണ പദ്ധതി, ലഹരിവിമുക്ത ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

പട്ടികജാതി വിഭാഗങ്ങള്‍ക്കായി എന്‍ട്രന്‍സ് കോച്ചിങ്, പഠനോപകരണങ്ങള്‍ വാങ്ങല്‍, ശ്മശാനങ്ങള്‍ക്ക് ചുറ്റുമതില്‍, ശവമഞ്ചല്‍ സൂക്ഷിക്കുന്നതിനുള്ള ഷെഡ് നിര്‍മാണം തുടങ്ങിയവയ്ക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കൂടാതെ പട്ടികജാതി സംസ്‌കാരികനിലയം സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി. ഇതോടൊപ്പം പട്ടികജാതി കോളനികളില്‍ സൗരോര്‍ജ വിളക്കുകളും സ്ഥാപിക്കും.

പശ്ചാത്തല മേഖലയില്‍ പതിവനുസരിച്ച് റോഡ്, കലുങ്ക് തുടങ്ങിയവ നിര്‍മിക്കുന്നതിന് പതിവുപോലെ തുക വകയിരുത്തിയിട്ടുണ്ടെന്നും ബ്ലോക്ക് പ്രസിഡന്റ് എം.സി. മുഹമ്മദാജി പറഞ്ഞു.

സ്ഥലമേറ്റെടുത്തിട്ട് 25 വര്‍ഷം കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും കളിക്കളമില്ലാതെ കാല്‍പ്പന്തിന്റെ നാട്

അരീക്കോട്: ഫുട്‌ബോളിന്റെ മക്കയെന്നൊക്കെയാണ് അരീക്കോടിന്റെ വിശേഷണം. എന്നാല്‍ പന്തുരുട്ടാന്‍ ഒരു നല്ല പാടം പോലുമില്ല. 25 വര്‍ഷം മുമ്പ് മൈതാനത്തിന് സ്ഥലം ഏറ്റെടുത്തെങ്കിലും ഒരു ഗോള്‍പോസ്റ്റ് പോലും സ്ഥാപിക്കാനുമായിട്ടില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനുപോലും മികച്ച കളിക്കാരെ സംഭാവനചെയ്ത ഒരു നാടിന്റെ ദുരവസ്ഥയാണിത്.

1986-ല്‍ ആണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് മുസ്‌ലിയാര്‍ ബാപ്പു മൈതാനത്തിനായി സ്ഥലമേറ്റെടുത്തത്. അരീക്കോട് ടൗണിനോട് ചേര്‍ന്ന കാട്ടുതായ് പാടത്ത് നാലേക്കര്‍ സ്ഥലമാണ് വിലയ്‌ക്കെടുത്തത്. അതിനുശേഷം പഞ്ചായത്ത് ഭരണസമിതികള്‍ മാറിമാറി വന്നു. എന്നാല്‍ അവര്‍ക്ക് ബാപ്പു മുസ്‌ലിയാരുടെ സ്വപ്നം പൂവണിയിക്കാനായില്ല. മാത്രമല്ല സ്റ്റേഡിയത്തിന് മുസ്‌ലിയാരുടെ പേര് നല്‍കി അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു.

2002-ലെ ലോകകപ്പ് മത്സരത്തിന്റെ മുന്നോടിയായി 'മാതൃഭൂമി' അരീക്കോട്ട് നടത്തിയ 'ലോകകപ്പ് വരവേല്പ് മത്സര'ത്തിന്റെ ലാഭമുപയോഗിച്ച് മൈതാനം മണ്ണിട്ട് നിരത്തിയിരുന്നു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങളില്ലാതിരുന്നതിനാല്‍ ആ മണ്ണ് മുഴുവന്‍ ഒലിച്ചുപോയി.

ഫുട്‌ബോള്‍ ലോകകപ്പ് കൈയിലേന്താന്‍ അവസരം ലഭിച്ചവരാണ് അരീക്കോട്ടുകാര്‍. ലോകകപ്പ് മത്സരം നേരില്‍ക്കാണാന്‍ അവസരം ലഭിച്ചവരും അരീക്കോടിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ പ്രതീകങ്ങളെന്നവണ്ണം ഇന്നും അരീക്കോട്ടുണ്ട്. ഇന്ത്യക്കുവേണ്ടി സ്വദേശത്തും വിദേശത്തും ബൂട്ടണിഞ്ഞവരും ധാരാളം. പന്തുതട്ടി സര്‍ക്കാര്‍ സര്‍വീസില്‍ കയറിയവരും ഒട്ടേറെ. എന്നാല്‍ ഇന്നും ഇവിടെ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റുകള്‍ കമുകും മുളയും ചേര്‍ത്ത് കെട്ടിയുണ്ടാക്കുന്ന താത്കാലിക ഗാലറികളില്‍ കയറിയിരുന്ന് കാണാനാണ് അരീക്കോട്ടുകാരന്റെ യോഗം.

മാസങ്ങള്‍ക്കുമുമ്പ് തെരട്ടമ്മല്‍ ഗ്രൗണ്ടില്‍ നടന്ന ഗാലറി ദുരന്തത്തോടെ ഇത്തരം ഗാലറികള്‍ ടൂര്‍ണമെന്റ് നടത്തിപ്പുകാരുടെ പേടിസ്വപ്നമായിട്ടുണ്ട്. മറയും ഗാലറിയുമില്ലാതെ നടത്തുന്ന സാധാരണ മത്സരങ്ങള്‍ കാണാന്‍ നാട്ടുകാര്‍ സമീപത്തെ റോഡില്‍നിന്ന് ഗ്രൗണ്ടിലേക്ക് എത്തിനോക്കേണ്ട സ്ഥിതിയാണിന്നുള്ളത്. ആധുനികരീതിയില്‍ ഗ്രൗണ്ട് നിലവില്‍ വന്നാല്‍ ഫുട്‌ബോളില്‍ മാത്രമല്ല ട്രാക്കിലും പെരുമ നേടാന്‍ അരീക്കോടിനാകുമെന്ന് അരീക്കോട്ടെ അഖിലേന്ത്യ വെറ്ററന്‍ ചാമ്പ്യന്‍ അമ്പായത്തില്‍ അബുസ്സമദ് പറയുന്നു. പുതിയ ഭരണസമിതിയെങ്കിലും മൈതാനമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നാണ് അരീക്കോട്ടുകാരുടെ പ്രതീക്ഷ

Wednesday, July 6, 2011

പാഠപുസ്തകങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ; വെബ്‌സൈറ്റ് തുറക്കാന്‍ കഴിഞ്ഞില്ല

അരീക്കോട്: പാഠപുസ്തകങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അധികൃതര്‍ നല്‍കിയ അവസാന സമയം ചൊവ്വാഴ്ച ഉച്ചയോടെ അവസാനിച്ചപ്പോഴും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യാനാകാത്തതിനാല്‍ ഒട്ടേറെ അധ്യാപകര്‍ക്ക് ഇന്‍ഡന്റ് സമര്‍പ്പിക്കാനായില്ല. ബുധനാഴ്ച നടക്കുന്ന മന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പതിവുപോലെ കൃത്യ കണക്കവതരിപ്പിക്കാന്‍ മിക്ക വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സാധിക്കില്ലെന്നുറപ്പായി.

കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. ഇത് മന്ത്രിയെ ക്ഷുഭിതനാക്കിയിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ചത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ കൃത്യ കണക്ക് ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ഉച്ചയോടെ പുസ്തകങ്ങളുടെ കൃത്യ കണക്ക് ഓണ്‍ലൈനായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്ക് ഡി.പി.ഐ നിര്‍ദേശം നല്‍കിയത്.

ഓണ്‍ലൈനായി ഇന്‍ഡന്റ് നല്‍കുന്നതിന്റെ പേരില്‍ ടെക്സ്റ്റ്ബുക്ക് വിഭാഗം അധികൃതര്‍ കഴിഞ്ഞ ഫിബ്രവരി 19 മുതല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് പ്രധാനാധ്യാപകരുടെ പരാതി. അന്ന് ഓരോ ക്ലാസ്സിലുമുള്ള കുട്ടികളുടെ എണ്ണത്തിന്റെ 10 ശതമാനം വര്‍ധിപ്പിച്ച് അടുത്ത വര്‍ഷത്തേക്കുള്ള എണ്ണം കണക്കാക്കാനായിരുന്നു നിര്‍ദേശം. ഇത് ശരിയായ കണക്ക് ലഭിക്കാന്‍ സഹായകമല്ലെന്ന് പിന്നീട് ബോധ്യമായി. തലതിരിഞ്ഞ ഇന്‍ഡന്റ് സമര്‍പ്പണത്തിന് തുടക്കംകുറിച്ചത് ഇങ്ങനെയാണെന്ന് അധ്യാപകര്‍ പറയുന്നു.

ഇങ്ങനെ ഇന്‍ഡന്റ് നല്‍കിയെങ്കിലും കഴിഞ്ഞ മെയ്മാസം സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിച്ച പുസ്തകങ്ങളുടെ എണ്ണവും ഇന്‍ഡന്റും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ഇങ്ങനെ പുസ്തകം ഇറക്കിയപ്പോള്‍ ചില യു.പി സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെ പുസ്തകങ്ങളും ഇറക്കി. അരീക്കോട് ഉപജില്ലയിലെ മൂര്‍ക്കനാട് ഗവ. യു.പി സ്‌കൂളില്‍ എട്ടാംക്ലാസ്സിലെ ടെക്സ്റ്റ്ബുക്കുകള്‍ 750ഉം 800ഉം വീതമാണ് ഇറക്കിവെച്ചത്. ഒട്ടേറെ ഹൈസ്‌കൂളുകള്‍ പാഠപുസ്തകങ്ങള്‍ കിട്ടാതെ വിഷമിക്കുമ്പോള്‍ ഇവിടെ ഈ പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ പെടാപ്പാട് പെടുകയായിരുന്നു. പല സൊസൈറ്റികള്‍ക്കും ആവശ്യമുള്ള പല ഇനങ്ങളും ലഭിച്ചിട്ടുമില്ല.

അതിനിടെയാണ് കഴിഞ്ഞ ആഴ്ച വീണ്ടും ഇന്‍ഡന്റ് സമര്‍പ്പിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം ലഭിചത്. ടെക്സ്റ്റ്ബുക്ക് ഉദ്യോഗസ്ഥര്‍ ഫോണ്‍വഴിയും മറ്റും നല്‍കിയ നിര്‍ദേശം ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം നല്‍കാനായിരുന്നു. എന്നാല്‍ സൈറ്റില്‍ കയറിയപ്പോള്‍ ലഭിച്ച പുസ്തകങ്ങളുടെ മാത്രം എണ്ണം നല്‍കാനെ സംവിധാനമുണ്ടായിരുന്നുള്ളൂ.

അനുവദിച്ച സമയം വളരെ പരിമിതമായതിനാല്‍ സംസ്ഥാനത്തെ മൊത്തം പ്രധാനാധ്യാപകര്‍ ഒന്നിച്ച് സൈറ്റില്‍ കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണം. പലര്‍ക്കും സൈറ്റില്‍ കയറി കണക്ക് നല്‍കാനായിട്ടില്ലെന്നതിനാല്‍ ബുധനാഴ്ച മന്ത്രി നടത്തുമെന്നറിയിച്ച വീഡിയോ കോണ്‍ഫറന്‍സിലും കൃത്യമായ വിവരം അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമോ എന്ന കാര്യം സംശയമാണ്.

കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു

അരീക്കോട്: അരീക്കോട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ 13-ാം വാര്‍ഷികാഘോഷം എം.എല്‍.എ പി.കെ.ബഷീര്‍ ഉദ്ഘാടനംചെയ്തു. ഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.സഫറുള്ള അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മുനീറ തൊഴിലാളികളെ ആദരിച്ചു. സംഘകൃഷിക്കുള്ള സാമ്പത്തിക സഹായ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന ഗോപി നിര്‍വഹിച്ചു. എ.ഫാത്തിമത്‌സുഹ്‌റ, എന്‍.വി.ഫസലുള്ള, കെ.സി.ബഷീര്‍, കെ.വി.ശിവാനന്ദന്‍, കെ.വി.ചന്ദ്രന്‍, പി.ലതിക, അലവി, ഉണ്ണികൃഷ്ണന്‍, പി.ഹഫ്‌സത്ത്, ഷീജ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. വന്ദന 'സ്ത്രീയും സമൂഹവും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു

വിദ്യാഭ്യാസരംഗത്ത് മുസ്‌ലിങ്ങള്‍ നേട്ടങ്ങള്‍ കൊയ്തു - പി.കെ. ബഷീര്‍ എം.എല്‍.എ


അരീക്കോട്: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മുസ്‌ലിം സമൂഹത്തിന് വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങള്‍ കൊയെ്തടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇതില്‍മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണെന്നും പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞു. പുത്തലം മഹല്ല് സംഗമത്തിന്റെ ഭാഗമായി നടന്ന അവാര്‍ഡുദാനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.എന്‍.എം സംസ്ഥാന ജന. സെക്രട്ടറി എ.പി. അബ്ദുല്‍ഖാദര്‍ മൗലവി മഹല്ല് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുജാഹിദ് പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

മഹല്ല് സംസ്‌കരണമെന്ന വിഷയത്തില്‍ ഡോ. സുല്‍ഫിക്കറലിയും ജീവിതലക്ഷ്യമെന്ന വിഷയത്തില്‍ ഹാരിസ്ബ്‌നു സലീമും പ്രബന്ധമവതരിപ്പിച്ചു. കെ.എന്‍.എം ശാഖ സെക്രട്ടറി കെ. മുഹമ്മദ്‌റാഫി സ്വാഗതവും ഐ.എസ്.എം സെക്രട്ടറി യു. ഫിറോസ് നന്ദിയും പറഞ്ഞു. കെ.എന്‍.എം പൊതുപരീക്ഷയില്‍ ഏഴാംക്ലാസില്‍ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ അസ്‌ല ഹാഷിമിനും അഞ്ചാംക്ലാസ്സില്‍ ഒന്നാംറാങ്ക് നേടിയ ഫില്‍ദ ഇസ്മായിലിനും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 183-ാം റാങ്ക് നേടിയ ജിഷാദ് മുഹമ്മദ് റാഫിക്കും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. കുട്ട്യാലി, ഹബീബ് റഹ്മാന്‍, പി. വീരാന്‍കുട്ടി, ആത്വിഫ് എന്നിവര്‍ പ്രസംഗിച്ചു.

ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

അരീക്കോട്: പ്രീ ഒളിമ്പിക് മേഖലാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഷഹബാസ് സലീല്‍, എം.പി. സക്കീര്‍ എന്നിവര്‍ക്ക് തെരട്ടമ്മല്‍ ഫുട്‌ബോള്‍ അക്കാദമി സ്വീകരണം നല്‍കി. ചടങ്ങില്‍ എന്‍.കെ. ഷൗക്കത്തലി അധ്യക്ഷതവഹിച്ചു. മലപ്പുറം എം.എസ്.പി. കമാന്‍ഡന്റ് യു. ഷറഫലി ഉപഹാരങ്ങള്‍ നല്‍കി. എന്‍.കെ. യൂസുഫ്, എ. നാസര്‍, കെ. അസീസ്, ടി.പി. അന്‍വര്‍, കെ. റസാഖ്, സി. നജീബ്, സി. അഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Tuesday, June 28, 2011

അരീക്കോട്ട് മഴക്കാലരോഗങ്ങള്‍ക്കെതിരെ കര്‍മപദ്ധതി

അരീക്കോട്: മഴക്കാല രോഗങ്ങള്‍ക്കെതിരെ പഞ്ചായത്ത്തല ഇന്റര്‍ സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വിവിധ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കിയതായി അരീക്കോട് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. യു. ബാബു അറിയിച്ചു.

ഇതിന്റെ ഭാഗമായി ജൂലായ് അഞ്ചിന് സ്‌കൂളില്‍ കൊതുകുകളുടെ ഉറവിടനശീകരണം നടത്തും. സ്‌കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ, കിണറുകളിലും മറ്റും ക്ലോറിനേഷന്‍ തുടങ്ങിയവയും നടത്തും. ഗ്രാമപ്പഞ്ചായത്തും ആരോഗ്യവകുപ്പും ഇതിന് മേല്‍നോട്ടം വഹിക്കും.

വരുംദിവസങ്ങളില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും കൊതുകുകളുടെ ഉറവിട നശീകരണം, ക്ലോറിനേഷന്‍, അങ്ങാടി ശുചീകരണം, ആരോഗ്യബോധവത്കരണം തുടങ്ങിയവ നടത്തും.

ആലുക്കലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ജനകീയ പ്രതിരോധകര്‍മസമിതി രൂപവത്കരിക്കാനും തീരുമാനിച്ചു.

Sunday, June 26, 2011

എം.എസ്.പി. ക്യാമ്പ്‌റോഡ് യാത്രായോഗ്യമാക്കും


അരീക്കോട്: അരീക്കോട് ടൗണില്‍ നിന്ന് എം.എസ്.പി ക്യാമ്പിലേക്കുള്ള റോഡ് യാത്രായോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കി. ജില്ലാ വികസന സമിതി യോഗത്തില്‍ പി.കെ. ബഷീര്‍ എം.എല്‍.എയാണ് ഇക്കാര്യം ഉന്നയിച്ചത്. പോലീസ് പിടിച്ചിട്ട മണല്‍ ലോറികളും മറ്റുംകാരണം വര്‍ഷങ്ങളായി ഈ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ റോഡ് കുഴികള്‍ നിറഞ്ഞതായിട്ടുമുണ്ട്.

അരീക്കോട് ഗവ.ആസ്​പത്രി, വില്ലേജ്ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷന്‍, എം.എസ്.പി ക്യാമ്പ്, ടി.ബി തുടങ്ങിയ സ്ഥാപനങ്ങളിലേക്കെല്ലാമുള്ള റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഒട്ടേറെത്തവണ ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.

റോഡിന്റെ വശങ്ങളില്‍ വര്‍ഷങ്ങളായി പിടിച്ചിട്ട് തുരുമ്പെടുത്തുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍ പത്തനാപുരത്ത് ഫോറസ്റ്റ് വകുപ്പിന് കീഴിലുള്ള ഭൂമിയിലേക്കോ മറ്റു സൗകര്യപ്രദമായ സ്ഥലത്തേക്കോ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് യോഗത്തില്‍ റവന്യൂ പോലീസ് അധികൃതര്‍ ഉറപ്പുനല്‍കി. അതോടൊപ്പം റോഡ് അടിയന്തിരമായി നന്നാക്കി ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതരും ഉറപ്പുനല്‍കിയതായി എം.എല്‍.എ പി.കെ. ബഷീര്‍ പറഞ്ഞു.

റോഡിന്റെ ശോച്യാവസ്ഥ കാരണം കുന്നിന്‍ മുകളിലേക്കുള്ള ഈ റോഡില്‍ സ്ഥിതിചെയ്യുന്ന ഓഫീസുകളിലേക്കും വീടുകളിലേക്കും എം.എസ്.പി ക്യാമ്പിലേക്കും ഓട്ടം പോകാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തയാറാകാത്ത അവസ്ഥയാണിപ്പോഴുള്ളത്. റോഡ് നന്നാക്കുന്നതോടെ ഇതിനും പരിഹാരമാകും.

Wednesday, June 22, 2011

രസതന്ത്ര പാനല്‍ പ്രദര്‍ശനം: ഉദ്ഘാടനം ഇന്ന്

രസതന്ത്ര പാനല്‍ പ്രദര്‍ശനം: ഉദ്ഘാടനം ഇന്ന്
Posted on: 23 Jun 2011
അരീക്കോട്: അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി മലപ്പുറം 'മാര്‍സ്' അസ്‌ട്രോണമി സൊസൈറ്റിയും കോട്ടയ്ക്കല്‍ രാജാസ് ഗവ. ഹൈസ്‌കൂളും ചേര്‍ന്ന് തയ്യാറാക്കിയ പാനലുകളുടെ ജില്ലാതല പ്രദര്‍ശനോദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് അരീക്കോട് ഗവ. ഹൈസ്‌കൂളില്‍ നടക്കും.

യുനസ്‌കോയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോക രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി മുഴുവന്‍ ജനങ്ങളെയും രസതന്ത്രവുമായി അടുപ്പിക്കുന്നതിനും കുട്ടികളില്‍ രസതന്ത്രത്തോട് താത്പര്യമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് പ്രദര്‍ശനമൊരുക്കുന്നത്.

ഡെങ്കിപ്പനി: ഊര്‍ങ്ങാട്ടിരിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി

ഡെങ്കിപ്പനി: ഊര്‍ങ്ങാട്ടിരിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി
Posted on: 23 Jun 2011
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൂര്‍ക്കനാട്ട് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഊര്‍ങ്ങാട്ടിരി, ഓടക്കയം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആരോഗ്യവകുപ്പ് ജീവനക്കാരും ആശ വര്‍ക്കര്‍മാരും ആരോഗ്യസേനാംഗങ്ങളും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രദേശത്തെ അഞ്ച് ഭാഗങ്ങളാക്കിത്തിരിച്ച് ഓരോ ഭാഗത്തിന്റെയും ചുമതല ഓരോ സ്‌ക്വാഡിന് നല്‍കിയായിരുന്നു പ്രവര്‍ത്തനം.

ശുചീകരണ-കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം നടന്ന ബോധവത്കരണ ക്ലാസില്‍ നൂറില്‍പരം പേര്‍ പങ്കെടുത്തു. വ്യാഴാഴ്ച രണ്ടിന് മൂര്‍ക്കനാട് അങ്കണവാടിയില്‍ വീണ്ടും ബോധവത്കരണ ക്ലാസ് ഉണ്ടാവുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

വിവിധ ജനപ്രതിനിധികള്‍ക്കുപുറമെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം. മുഹമ്മദലി, സി. പ്രതാപചന്ദ്രന്‍, ഒ. സുനില്‍, അന്‍സാര്‍ പി.കെ, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ ജമീല എ, സുനന്ദ ജി, രാധിക ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അതിനിടെ ഡെങ്കിപ്പനിയെന്ന സംശയത്തില്‍ അരീക്കോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് റഫര്‍ചെയ്ത വാവൂര്‍ ചീക്കോട് കോലോത്ത്‌വീട്ടില്‍ സാലിമിനെ(43) അവിടെനിന്ന് ഡെങ്കിപ്പനിയല്ലെന്ന് കണ്ട് മരുന്ന് നല്‍കി തിരിച്ചയച്ചിട്ടുണ്ട്.

ലക്ചറര്‍ ഒഴിവ്


ലക്ചറര്‍ ഒഴിവ്
Posted on: 23 Jun 2011
അരീക്കോട്: സുല്ലമുസ്സലാം സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. പ്രസ്തുത വിഷയത്തില്‍ പി.ജിയും നെറ്റുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ 50% മാര്‍ക്കോടെ പി.ജിയുള്ളവരെ പരിഗണിക്കും. ഈ മാസം 28-ാം തിയ്യതി തിങ്കളാഴ്ച 10 മണിക്കാണ് ഇന്റര്‍വ്യൂ.

അരീക്കോട്ട് വന്‍ മണല്‍വേട്ട


അരീക്കോട്ട് വന്‍ മണല്‍വേട്ട
Posted on: 23 Jun 2011
അരീക്കോട്: പോലീസ്-റവന്യൂ ജീവനക്കാര്‍ സംയുക്തമായി നടത്തിയ മണല്‍വേട്ടയില്‍ ചാലിയാറിലെ വിവിധ കടവുകളില്‍ നിന്ന് നാല്പതോളം ലോഡ് മണല്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മണല്‍ ജെ.സി.ബി. ഉപയോഗിച്ച് ലോറിയില്‍ കയറ്റി അരീക്കോട് ടി.ബി. പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്.

അരീക്കോട് പാലത്തിനു സമീപം വെസ്റ്റ് പത്തനാപുരം റോഡില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മണല്‍ പിടിച്ചെടുത്തത്. ഇവിടെ പുഴയില്‍ നിന്ന് തലച്ചുമടായി കയറ്റി റോഡരികില്‍ കൂട്ടിയിട്ട ഇരുപത്തിഅഞ്ചോളം ലോഡ് മണലാണ് പിടിച്ചെടുത്തത്.

വെസ്റ്റ് പത്തനാപുരം റോഡരികില്‍ കൂട്ടിയതിനുപുറമെ തെരട്ടമ്മല്‍ കടവില്‍ നിന്ന് എട്ടും മൂര്‍ക്കനാട് വില്ലേജ് ഓഫീസ് കടവില്‍ നിന്ന് നാലും താഴത്തങ്ങാടി കടവില്‍ നിന്ന് മൂന്നും ലോഡുകള്‍ വീതം മണല്‍ പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു.

അരീക്കോട് എസ്.ഐ. കെ. അബ്ദുല്‍മജീദിന്റെ നേതൃത്വത്തില്‍ അരീക്കോട് പോലീസും റവന്യൂ വകുപ്പില്‍ നിന്ന് തഹസില്‍ദാര്‍ പി.സി. സ്‌കറിയ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ രാമചന്ദ്രന്‍, എം.പി. ജോസഫ്, അരീക്കോട് വില്ലേജ് ഓഫീസര്‍ സുബ്രഹ്മണ്യന്‍, കീഴുപറമ്പ് വില്ലേജ് ഓഫീസര്‍ അച്യുതന്‍, വില്ലേജ് ജീവനക്കാരായ ജോമി ജോണ്‍, ഷഫീഖ് എന്നിവരാണ് മണല്‍വേട്ട സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇത് കൂടാതെ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന മൂന്ന് ലോറികളും കുനിയില്‍, കിഴുപറമ്പ് ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എല്‍. 13 എന്‍ 9693, കെ.എല്‍. 10 ടി 2029, കെ.എല്‍.10 എഛ് 4687 നമ്പര്‍ ലോറികളാണ് കസ്റ്റഡിയിലെടുത്തത്.

Tuesday, June 21, 2011

പത്തനാപുരം ജി.എല്‍.പി സ്‌കൂള്‍ നടത്തിപ്പ് പ്രതിസന്ധിയിലേക്ക്


Posted on: 22 Jun 2011

അരീക്കോട്: കിഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം ജി.എല്‍.പി സ്‌കൂള്‍ നടത്തിപ്പ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളില്‍ ആകെയുള്ള എട്ട് ഡിവിഷനുകളില്‍ ഓരോ ക്ലാസ്സുകളിലെയും എ, ബി ഡിവിഷനുകള്‍ തമ്മില്‍ രണ്ടര കിലോമീറ്റര്‍ അകലമുള്ള ഇവിടെ ഈവര്‍ഷം ഒന്നാംക്ലാസ്സില്‍ ഒരു ഡിവിഷന്‍ നഷ്ടപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

1954ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പത്തനാപുരം പള്ളിപ്പടിയിലെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കുട്ടികള്‍ക്കനുസരിച്ച് ഡിവിഷനുകള്‍ വര്‍ധിച്ചപ്പോള്‍ തൊട്ടടുത്ത മദ്രസ കെട്ടിടം വാടകയ്‌ക്കെടുത്ത് ചില ഡിവിഷനുകള്‍ അവിടേയ്ക്ക് മാറ്റി. ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് പില്‍ക്കാലത്ത് മദ്രസ കമ്മിറ്റി അനുമതി പിന്‍വലിച്ചപ്പോള്‍ നാല് ഡിവിഷനുകളും അതോടൊപ്പം അധ്യാപകന്‍േറതുള്‍പ്പെടെ അഞ്ചുപേരുടെ ജോലിയും നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായി.

ഈ ഘട്ടത്തിലാണ് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ എന്‍. രാമചന്ദ്രനും കെ. അബ്ദുസ്സലാമും മുന്‍കൈയെടുത്ത് നാല് ഡിവിഷനുകള്‍ രണ്ടര കിലോമീറ്റര്‍ അകലെയുള്ള വെസ്റ്റ് പത്തനാപുരം മദ്രസയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയത്.

ജോലി നഷ്ടപ്പെടുമായിരുന്ന അധ്യാപകരെക്കാള്‍ വെസ്റ്റ് പത്തനാപുരത്തുകാര്‍ക്കാണിത് ഏറ്റവുമധികം സന്തോഷം നല്‍കിയത്. ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലെ ഓരോ ഡിവിഷനുകള്‍ തങ്ങളുടെ പ്രദേശത്തെ മദ്രസയില്‍ തുടങ്ങിയതോടെ പിഞ്ചുകുട്ടികള്‍ മദ്രസവിട്ട് രണ്ടര കിലോമീറ്റര്‍ ദൂരം ഓടി സ്‌കൂളിലെത്തിയിരുന്ന ദുരവസ്ഥയ്ക്ക് പരിഹാരമായി.

അതേസമയം സ്‌കൂള്‍ പ്രധാനാധ്യാപകന് ഇതൊരു ഭാരമായാണ് മാറിയത്. ഒരു ഓഫീസിന് ഒന്നിലധികം ഒപ്പുപട്ടിക നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് മാതൃവിദ്യാലയത്തിലെ അധ്യാപകര്‍ ഒപ്പിട്ടശേഷം പി.ടി.സി.എം ഒപ്പുപട്ടികയുമായി വെസ്റ്റ് പത്തനാപുരത്തുപോയി അവിടെയുള്ള അറബി അധ്യാപകരുള്‍പ്പെടെയുള്ള അഞ്ചുപേരുടെയും ഒപ്പ് വാങ്ങി തിരിച്ച് ഓഫീസിലെത്തിക്കണം.

500ലധികം കുട്ടികള്‍ ഉണ്ടെങ്കിലെ ഒരു സ്‌കൂളില്‍ രണ്ട് പാചകക്കാരെ നിയമിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. അത്രയും കുട്ടികളില്ലെങ്കിലും ഈ സ്‌കൂളില്‍ രണ്ടുസ്ഥലത്തേക്ക് രണ്ടുപേരെ നിയമിക്കേണ്ടിവന്നതും മറ്റൊരു പ്രശ്‌നമായിരുന്നു.

പ്രശ്‌നങ്ങള്‍ക്കിടെ 2004ല്‍ ഈസ്റ്റ് പത്തനാപുരത്ത് സ്‌കൂളിനുവേണ്ടി അഞ്ച് ക്ലാസ്മുറികളുള്ള ഒരു കെട്ടിടവും വെസ്റ്റ് പത്തനാപുരത്ത് 2010ല്‍ അഞ്ച് ക്ലാസ്മുറികളുള്ള ഒരു കെട്ടിടവും എസ്.എസ്.എയുടെയും ഗ്രാമപ്പഞ്ചായത്തിന്റെയും സഹായത്തോടെ സ്വന്തമായി നിര്‍മിച്ചു. ഇതോടെ സ്‌കൂളിന് ഒരോഫീസാണെങ്കിലും ഫലത്തില്‍ രണ്ട് സ്‌കൂള്‍ എന്നതായിരുന്നു സ്ഥിതി. എങ്കിലും എട്ട് ഡിവിഷനുകള്‍ നിലനിന്നതിനാല്‍ കഴിഞ്ഞകാലങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ നടന്നുവരികയായിരുന്നു.

ഈവര്‍ഷം ഒന്നാംക്ലാസ്സില്‍ രണ്ട് ഡിവിഷനുകള്‍ക്കുള്ള കുട്ടികള്‍ എത്തിച്ചേരാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഒന്നാംക്ലാസ്സില്‍ അടുത്ത ജൂലായ് 15 മുതല്‍ ഒരു ഡിവിഷന്‍ മാത്രമെ ഉണ്ടാവുകയുള്ളൂ. ഒരു പ്രൈമറി അധ്യാപകനും ഒരു അറബി അധ്യാപകനും ജോലി നഷ്ടപ്പെടുമെന്നതിലപ്പുറം ഒന്നാംക്ലാസ്സിലെ ഒരു ഡിവിഷന്‍ ഏത് പത്തനാപുരത്ത് പ്രവര്‍ത്തിപ്പിക്കണമെന്ന കാര്യത്തില്‍ രണ്ട് പ്രദേശത്തുകാരും തര്‍ക്കം തുടങ്ങിക്കഴിഞ്ഞു.

ഒന്നാംക്ലാസിലേക്കുള്ള കൂടുതല്‍ കുട്ടികളും വെസ്റ്റ് പത്തനാപുരത്തുനിന്നായതിനാല്‍ ഡിവിഷന്‍ അവിടെ നിലനിര്‍ത്തണമെന്നാണ് അവിടത്തുകാരുടെ ആവശ്യം.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം തീര്‍ക്കണമെങ്കില്‍ സ്‌കൂള്‍ രണ്ടായി വിഭജിക്കുക മാത്രമാണ് പോംവഴി. 2010ല്‍ വെസ്റ്റ് പത്തനാപുരത്തെ കെട്ടിട ഉദ്ഘാടനത്തിനെത്തിയ അന്നത്തെ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെയും ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയും അന്നത്തെ എം.എല്‍.എയുമായ പി.കെ. അബ്ദുറബ്ബിന്റെയും ശ്രദ്ധയില്‍ ഇക്കാര്യം നിവേദനം മുഖേന നാട്ടുകാര്‍ കൊണ്ടുവന്നിരുന്നു. അതിന്റെ ഭാഗമായി ഡി.പി.ഐയില്‍നിന്ന് അന്വേഷണ റിപ്പോര്‍ട്ടും ആവശ്യപ്പെടുകയുണ്ടായി. സ്‌കൂള്‍ വിഭജനത്തിനനുകൂലമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് വണ്ടൂര്‍ ഡി.ഇ.ഒയിലാണ് ഇപ്പോഴുള്ളതെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.

എലിപ്പനിക്ക് പുറമെ അരീക്കോട്ട് ഡങ്കിപ്പനിയും

എലിപ്പനിക്ക് പുറമെ അരീക്കോട്ട് ഡങ്കിപ്പനിയും
osted on: 22 Jun 2011
അരീക്കോട്: കഴിഞ്ഞ ആഴ്ച ഒരു എലിപ്പനി കേസ് സ്ഥിരീകരിച്ച അരീക്കോട്ട് ചൊവ്വാഴ്ച ഒരു ഡെങ്കിപ്പനി കേസും സ്ഥിരീകരിച്ചു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൂര്‍ക്കനാട് മുണ്ടോടന്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ സുനീര്‍ (28) എന്ന യുവാവിനാണ് രോഗം പിടിപ്പെട്ടത്.

രക്തം കട്ടപിടിക്കുന്ന അണുക്കളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവന്നതിനെ തുടര്‍ന്ന് അരീക്കോട് ഗവ. ആസ്​പത്രിയില്‍നിന്നും സുനീറിനെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബസ് കണ്ടക്ടറായ സുനീറിന് രോഗബാധിത പ്രദേശങ്ങളില്‍ എവിടെനിന്നെങ്കിലും കൊതുക് കടിയേറ്റായിരിക്കും രോഗാണു ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിഗമനം. ചാലിയാറിന്റെ തീരത്തുള്ള ഈ പ്രദേശത്തെ കമുകിന്‍ തോപ്പുകളും മറ്റും കൊതുകുവളര്‍ച്ചയ്ക്ക് ഏറെ അനുകൂലമാണ്. അതേസമയം കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ഇവിടെ നടന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

അഭിമുഖം 23 ന്


അഭിമുഖം 23 ന്
Posted on: 22 Jun 2011
അരീക്കോട്: സുല്ലമുസ്സലാം സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ബി.എ, ബി.എസ്‌സി ക്ലാസുകളിലേക്കുള്ള അഭിമുഖം 23 ന് നടക്കും. ബി.എസ്‌സി. ഫിസിക്‌സ് രാവിലെ ഒമ്പതിനും ബി.എ ഇംഗ്ലീഷ് 9.30 നും ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് 10 നും ബി.എസ്‌സി. കണക്ക് 10.30 നും നടക്കും. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള അഭിമുഖം 25 ന് ഒമ്പതിനും ബി.കോം കോഴ്‌സിലേക്കുള്ള ഇന്റര്‍വ്യൂ 30 നും നടക്കും.

Wednesday, June 15, 2011

അരീക്കോട്ടും ഊര്‍ങ്ങാട്ടിരിയിലും കുടിവെള്ള പദ്ധതിക്ക് അനുമതി

അരീക്കോട്ടും ഊര്‍ങ്ങാട്ടിരിയിലും കുടിവെള്ള പദ്ധതിക്ക് അനുമതി

അരീക്കോട്: ഊര്‍ങ്ങാട്ടിരി, അരീക്കോട് ഗ്രാമപഞ്ചായത്തുകളില്‍  കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരമായതായും സാങ്കേതിക തടസ്സം നേരിട്ട കുടിവെള്ള പദ്ധതിയുടെ തടസ്സങ്ങള്‍ നീങ്ങിയതായും പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞു.
3.62 കോടി രൂപ ചെലവില്‍ അരീക്കോട് ഐ.ടി.ഐക്ക് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അരീക്കോട് കുടിവെള്ള പദ്ധതിക്ക് നേരിട്ട സാങ്കേതിക തടസ്സം നീക്കി പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. അരീക്കോട് ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗം കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് എം.എല്‍.എ മുഖാന്തിരം മന്ത്രിക്കുമുമ്പില്‍ ആവശ്യം ഉന്നയിച്ചിരുന്നതായി പ്രസിഡന്റ് പി.പി. സഫറുല്ല അറിയിച്ചു. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ 6.20 കോടിയുടെ പദ്ധതികള്‍ക്കാണ് അംഗീകാരമായത്.

Tuesday, June 14, 2011

അരീക്കോട് പദ്ധതിയുടെ ടെന്‍ഡര്‍ അംഗീകരിച്ചു ഊര്‍ങ്ങാട്ടിരിക്കും ശുദ്ധജലപദ്ധതി

അരീക്കോട് പദ്ധതിയുടെ ടെന്‍ഡര്‍ അംഗീകരിച്ചു ഊര്‍ങ്ങാട്ടിരിക്കും ശുദ്ധജലപദ്ധതി
Posted on: 15 Jun 2011
അരീക്കോട്: 2010 ആഗസ്ത് 13ന് പുനര്‍ ടെന്‍ഡര്‍ നടത്തി ജല അതോറിറ്റി എം.ഡിയുടെ അംഗീകാരത്തിനായി കാത്തുകിടന്ന അരീക്കോട് കുടിവെള്ള പദ്ധതിയുടെ ടെന്‍ഡര്‍ അംഗീകരിച്ചു. അടുത്ത ഡിസംബറിനകം പണി പൂര്‍ത്തീകരിക്കുമെന്ന് ഏറനാട് മണ്ഡലം എം.എല്‍.എ. പി.കെ. ബഷീര്‍ അറിയിച്ചു. ചൊവ്വാഴ്ച ജലസേചന മന്ത്രി പി.ജെ. ജോസഫ് മലപ്പുറം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്ന് എം.എല്‍.എ. പറഞ്ഞു.

അരീക്കോട് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിനുള്ള സ്ഥലം കണ്ടെത്തുകയെന്നതായിരുന്നു ആദ്യ കടമ്പ. തൊഴില്‍ വകുപ്പിന്റെ ഉടമസ്ഥതയില്‍ അരീക്കോട് ഐ.ടി.ഐ. വളപ്പില്‍നിന്ന് 6.29 ലക്ഷം രൂപ മുടക്കി 55 സെന്റ് സ്ഥലം ഗ്രാമപ്പഞ്ചായത്ത് വിലയ്ക്കുവാങ്ങി നല്‍കിയാണ് ഈ പ്രശ്‌നം പരിഹരിച്ചത്. തുടര്‍ന്ന് ഇവിടെ ട്രീറ്റ്‌മെന്റ് പ്ലാന്റിന് 180 ലക്ഷം രൂപയും വിതരണശൃംഖലയ്ക്കും പമ്പിങ് മെഷീനുമായി 309 ലക്ഷം രൂപയും ചെലവ് വരുന്ന എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ അംഗീകരിച്ച് പണി പൂര്‍ത്തീകരിച്ചെങ്കിലും വിതരണശൃംഖലയുടെയും പമ്പിങ് മെഷീന്റെയും ടെന്‍ഡര്‍ അംഗീകരിച്ചില്ല. 2008ന് ഡിസംബര്‍ 10ന് നടന്ന ടെന്‍ഡറില്‍ 53 ശതമാനം കൂടിയ തുക ടെന്‍ഡര്‍ കാണിച്ചതായിരുന്നു കാരണം. ആദ്യ ടെന്‍ഡറിലെ 309 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ഈ ടെന്‍ഡറില്‍ ജല അതോറിറ്റി തന്നെ 326.6 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നുവെന്നതാണ് രസകരമായ വസ്തുത. എസ്റ്റിമേറ്റില്‍ കുറഞ്ഞ വര്‍ധനയായ 38.34 ശതമാനം കാണിച്ച മഞ്ചേരിയിലെ മോഡേണ്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ടെന്‍ഡര്‍ പരിഗണിച്ച കോഴിക്കോട് ചീഫ് എന്‍ജിനിയര്‍ ഇടപെട്ട് 17.4 ശതമാനമായും നോര്‍തേണ്‍ ചീഫ് എന്‍ജിനിയര്‍ ഇടപെട്ട് 12.37 ശതമാനമായും ഈ വര്‍ധന കുറച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് വാട്ടര്‍ അതോറിറ്റി എം.ഡിയുടെ അംഗീകാരം ലഭിക്കാത്തത് കാരണം പണി ആരംഭിക്കാനായില്ല.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 24ന് മാതൃഭൂമി ''ടെന്‍ഡറുകള്‍ക്ക് പുറമെ വീണ്ടും ടെന്‍ഡര്‍:അരീക്കോട്ടുകാരുടെ കുടിവെള്ളത്തിനുള്ള കാത്തിരിപ്പ് നീളുന്നു'' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ രണ്ടിന് ചേര്‍ന്ന അരീക്കോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഈ വിഷയം ചര്‍ച്ച ചെയ്തു. പ്രശ്‌നം എം.എല്‍.എ.യുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മലപ്പുറത്ത് ജലസേചന മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ. പി.കെ. ബഷീര്‍ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍തന്നെ ഫയല്‍ പഠിച്ച മന്ത്രി ടെന്‍ഡര്‍ അംഗീകരിക്കാന്‍ എം.ഡിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇതോടൊപ്പം തന്നെ അംഗീകാരം കാത്ത് കഴിയുന്ന ഊര്‍ങ്ങാട്ടിരിയിലെ കുടിവെള്ള പദ്ധതിയുടെ കാര്യവും എം.എല്‍.എ. മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാവണ്ണ, തെഞ്ചേരി, കൂത്തുപറമ്പ്, മൈത്ര, പൂവത്തിക്കല്‍, കല്ലെരട്ടി, തെരട്ടമ്മല്‍, കളപ്പാറ, വടക്കുംമുറി, ഈസ്റ്റ് വടക്കുംമുറി പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനുവേണ്ടി 620 ലക്ഷം രൂപ ചെലവ് വരുന്ന ഈ പദ്ധതി ഒരു വര്‍ഷം മുമ്പാണ് അംഗീകാരത്തിനയച്ചത്.

രണ്ട് പദ്ധതികളും അടുത്ത ഡിസംബറിന് മുമ്പ് പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.

സ്വീകരണവും യാത്രയയപ്പ് സംഗമവും

അരീക്കോട്: കെ.എസ്.ടി.യു അരീക്കോട് ഉപജില്ലാ കമ്മിറ്റി സിവില്‍ സര്‍വീസ് ജേതാവ് മുഹമ്മദലി ശിഹാബിനും ഡി.ഇ.ഒ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സഫറുള്ളയ്ക്കുമുള്ള സ്വീകരണവും വിരമിച്ച അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, ജില്ലാ പ്രസിഡന്റ് അബ്ദുള്ള വാവൂര്‍, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കാവനൂര്‍ മുഹമ്മദ്, അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. സഫറുള്ള, സി. അബ്ദുറഹിമാന്‍, ടി.കെ. അബ്ദുള്ള, സി.പി. അബ്ദുല്‍ കരീം, പി.കെ. സൈതലവി, ഇസ്രത്ത് അസീസ് എന്നിവര്‍ പ്രസംഗിച്ചു.

Monday, June 13, 2011


ട്രാഫിക് നിയമം പരിഷ്‌കരിക്കണം- യൂത്ത് കോണ്‍ഗ്രസ്
Posted on: 14 Jun 2011

അരീക്കോട്: അരീക്കോട്ടെ അശാസ്ത്രീയമായ ട്രാഫിക് നിയമം അപകടഭീഷണിയുയര്‍ത്തുന്നതിനാല്‍ നിയമം പരിഷ്‌കരിക്കണമെന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഉടനടി സ്ഥിതി പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അറിയിച്ചു. പ്രസിഡന്റ് നൗഷര്‍ കല്ലട അധ്യക്ഷത വഹിച്ചു. അസംബ്ലി കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് തലേക്കര, ഡെലിഗേറ്റ് എം. വിജീഷ്, പി. നമീര്‍ റഹ്മാന്‍, ശിഹാബ് തലേക്കര, ബാസിത്, എം. വിനു എന്നിവര്‍ പ്രസംഗിച്ചു.

Sunday, June 12, 2011

മണല്‍ലോറി പിടികൂടി

Posted on: 13 Jun 2011

അരീക്കോട്: ഊര്‍ങ്ങാട്ടിരി ആദാടി കടവില്‍നിന്നും അനധികൃതമായി മണലെടുക്കുകയായിരുന്ന രണ്ട് ടിപ്പര്‍ലോറികള്‍ അരീക്കോട് പോലീസ് പിടികൂടി.

സ്ഥലം സൗജന്യമായി ലഭിച്ചു; കുത്തൂപറമ്പ് സ്‌കൂളില്‍ കുടിവെള്ള സൗകര്യമായി
Posted on: 13 Jun 2011


അരീക്കോട്: പ്രദേശവാസിയായ മണ്ണില്‍തൊടി സൈതലവി ഹാജി കിണറിന് ആവശ്യമായ ഭൂമി സൗജന്യമായി നല്‍കിയതോടെ ഊര്‍ങ്ങാട്ടിരിയിലെ കുത്തൂപറമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി.

ഉയര്‍ന്ന പ്രദേശത്തായതിനാല്‍ സ്‌കൂള്‍ വളപ്പില്‍ കിണര്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടിയിരുന്നില്ല. മുന്‍മുഖ്യമന്ത്രി കരുണാകരന്റെ സ്​പീഡ് പ്രോഗ്രാമില്‍ സ്‌കൂളിലേക്ക് 1993ല്‍ ജല അതോറിറ്റി ഒരു പൈപ്പ് അനുവദിച്ചെങ്കിലും സ്‌കൂള്‍ കുന്നിന് മുകളിലായതിനാലും ടാങ്കില്‍നിന്നും സ്‌കൂളിലേക്ക് നിരവധി കിലോമീറ്റര്‍ അകലമുള്ളതിനാലും അത് ഉപകരിച്ചില്ല. വല്ലപ്പോഴും ലഭിച്ചാല്‍ത്തന്നെ അത് ടാങ്കില്‍ ശേഖരിച്ച് ശുചീകരണാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് പതിവ്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും കുടിക്കുന്നതിനും മറ്റുമുള്ള വെള്ളം തൊട്ടടുത്ത വീടുകളിലെ കിണറുകളില്‍ നിന്ന് ചുമന്നെത്തിക്കുകയായിരുന്നു പതിവ്.

ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിനായി പി.ടി.എ. നാട്ടുകാരുടെ സഹായം തേടിയത്. വിവരമറിഞ്ഞ് സ്‌കൂളിന് കിണര്‍ കുഴിക്കുന്നതിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ സൈതലവി ഹാജി മുന്നോട്ടുവന്നു. സ്ഥലം ലഭിച്ചതോടെ കിണര്‍ കുഴിക്കുന്നതിന് എസ്.എസ്.എ.യില്‍നിന്ന് ഫണ്ട് അനുവദിക്കുകയും ചെയ്തു.

കിണറിന് സ്ഥലം അനുവദിച്ചതിന്റെ രേഖാ കൈമാറ്റം കഴിഞ്ഞദിവസം കുത്തൂപറമ്പില്‍ നടന്നു. ഭൂമി ഉടമ സൈതലവി ഹാജിയില്‍നിന്നും പി.ടി.എ. പ്രസിഡന്റ് എം.ടി. അലിയാപ്പു രേഖകള്‍ ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ സി.ടി. സമീറ അധ്യക്ഷതവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് സി.ടി. വീരാന്‍കുട്ടി, സി.ടി. സിദ്ദീഖ്, പി.കെ. സിദ്ദീഖലി, പി.കെ. അബ്ദുറഹിമാന്‍, പി.പി. മുഹമ്മദ്, അധ്യാപകരായ എം.ടി. ഇബ്രാഹിം, രഞ്ജിത്കരുമരക്കാടന്‍, ലിനിതകുമാരി എം എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ അബ്ദുറഹിമാന്‍ കാരങ്ങാടന്‍ സ്വാഗതവും കെ. അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു.
യൂണിഫോം വിതരണവും അവാര്‍ഡ്ദാനവും
Posted on: 12 Jun 2011


അരീക്കോട്: ഡി.വൈ.എഫ്.ഐ. താഴത്തങ്ങാടി യൂണിറ്റും യുവധാര ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച അവാര്‍ഡ്ദാനവും യൂണിഫോം വിതരണവും മുന്‍ മന്ത്രി അഡ്വ. ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി വി.പി. അനില്‍ യൂണിഫോം വിതരണം നടത്തി.

അരീക്കോട് ഗ്രാമപ്പഞ്ചായത്തംഗം എം. ബേനസീറ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ. മുഹമ്മദ് ഷരീഫ്, വൈ.എം.എ. സെക്രട്ടറി പി.പി. ജാഫര്‍, കാഞ്ഞിരാല അബ്ദുല്‍ അലി, കെ. സൈതലവി, എ.ടി. അബു നിഷില്‍, അബൂബക്കര്‍, മുഹമ്മദ്കുട്ടി, റസാഖ് എന്നിവര്‍ പ്രസംഗിച്ചു.
സ്ത്രീധന പീഡനക്കേസില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം
Posted on: 12 Jun 2011


അരീക്കോട്: സ്ത്രീധന പീഡനക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം. കിഴുപറമ്പ് സ്വദേശിനിയാണ് ഭര്‍ത്താവ് തേനാരി ഷംസുദ്ദീനെതിരെ മഞ്ചേരി സി.ജെ.എം. കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി അരീക്കോട് പോലീസിന് നിര്‍ദ്ദേശം നല്‍കി.