Sunday, June 26, 2011

എം.എസ്.പി. ക്യാമ്പ്‌റോഡ് യാത്രായോഗ്യമാക്കും


അരീക്കോട്: അരീക്കോട് ടൗണില്‍ നിന്ന് എം.എസ്.പി ക്യാമ്പിലേക്കുള്ള റോഡ് യാത്രായോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കി. ജില്ലാ വികസന സമിതി യോഗത്തില്‍ പി.കെ. ബഷീര്‍ എം.എല്‍.എയാണ് ഇക്കാര്യം ഉന്നയിച്ചത്. പോലീസ് പിടിച്ചിട്ട മണല്‍ ലോറികളും മറ്റുംകാരണം വര്‍ഷങ്ങളായി ഈ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ റോഡ് കുഴികള്‍ നിറഞ്ഞതായിട്ടുമുണ്ട്.

അരീക്കോട് ഗവ.ആസ്​പത്രി, വില്ലേജ്ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷന്‍, എം.എസ്.പി ക്യാമ്പ്, ടി.ബി തുടങ്ങിയ സ്ഥാപനങ്ങളിലേക്കെല്ലാമുള്ള റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഒട്ടേറെത്തവണ ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.

റോഡിന്റെ വശങ്ങളില്‍ വര്‍ഷങ്ങളായി പിടിച്ചിട്ട് തുരുമ്പെടുത്തുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍ പത്തനാപുരത്ത് ഫോറസ്റ്റ് വകുപ്പിന് കീഴിലുള്ള ഭൂമിയിലേക്കോ മറ്റു സൗകര്യപ്രദമായ സ്ഥലത്തേക്കോ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് യോഗത്തില്‍ റവന്യൂ പോലീസ് അധികൃതര്‍ ഉറപ്പുനല്‍കി. അതോടൊപ്പം റോഡ് അടിയന്തിരമായി നന്നാക്കി ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതരും ഉറപ്പുനല്‍കിയതായി എം.എല്‍.എ പി.കെ. ബഷീര്‍ പറഞ്ഞു.

റോഡിന്റെ ശോച്യാവസ്ഥ കാരണം കുന്നിന്‍ മുകളിലേക്കുള്ള ഈ റോഡില്‍ സ്ഥിതിചെയ്യുന്ന ഓഫീസുകളിലേക്കും വീടുകളിലേക്കും എം.എസ്.പി ക്യാമ്പിലേക്കും ഓട്ടം പോകാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തയാറാകാത്ത അവസ്ഥയാണിപ്പോഴുള്ളത്. റോഡ് നന്നാക്കുന്നതോടെ ഇതിനും പരിഹാരമാകും.

No comments:

Post a Comment