Wednesday, June 22, 2011

അരീക്കോട്ട് വന്‍ മണല്‍വേട്ട


അരീക്കോട്ട് വന്‍ മണല്‍വേട്ട
Posted on: 23 Jun 2011
അരീക്കോട്: പോലീസ്-റവന്യൂ ജീവനക്കാര്‍ സംയുക്തമായി നടത്തിയ മണല്‍വേട്ടയില്‍ ചാലിയാറിലെ വിവിധ കടവുകളില്‍ നിന്ന് നാല്പതോളം ലോഡ് മണല്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മണല്‍ ജെ.സി.ബി. ഉപയോഗിച്ച് ലോറിയില്‍ കയറ്റി അരീക്കോട് ടി.ബി. പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്.

അരീക്കോട് പാലത്തിനു സമീപം വെസ്റ്റ് പത്തനാപുരം റോഡില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മണല്‍ പിടിച്ചെടുത്തത്. ഇവിടെ പുഴയില്‍ നിന്ന് തലച്ചുമടായി കയറ്റി റോഡരികില്‍ കൂട്ടിയിട്ട ഇരുപത്തിഅഞ്ചോളം ലോഡ് മണലാണ് പിടിച്ചെടുത്തത്.

വെസ്റ്റ് പത്തനാപുരം റോഡരികില്‍ കൂട്ടിയതിനുപുറമെ തെരട്ടമ്മല്‍ കടവില്‍ നിന്ന് എട്ടും മൂര്‍ക്കനാട് വില്ലേജ് ഓഫീസ് കടവില്‍ നിന്ന് നാലും താഴത്തങ്ങാടി കടവില്‍ നിന്ന് മൂന്നും ലോഡുകള്‍ വീതം മണല്‍ പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു.

അരീക്കോട് എസ്.ഐ. കെ. അബ്ദുല്‍മജീദിന്റെ നേതൃത്വത്തില്‍ അരീക്കോട് പോലീസും റവന്യൂ വകുപ്പില്‍ നിന്ന് തഹസില്‍ദാര്‍ പി.സി. സ്‌കറിയ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ രാമചന്ദ്രന്‍, എം.പി. ജോസഫ്, അരീക്കോട് വില്ലേജ് ഓഫീസര്‍ സുബ്രഹ്മണ്യന്‍, കീഴുപറമ്പ് വില്ലേജ് ഓഫീസര്‍ അച്യുതന്‍, വില്ലേജ് ജീവനക്കാരായ ജോമി ജോണ്‍, ഷഫീഖ് എന്നിവരാണ് മണല്‍വേട്ട സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇത് കൂടാതെ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന മൂന്ന് ലോറികളും കുനിയില്‍, കിഴുപറമ്പ് ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എല്‍. 13 എന്‍ 9693, കെ.എല്‍. 10 ടി 2029, കെ.എല്‍.10 എഛ് 4687 നമ്പര്‍ ലോറികളാണ് കസ്റ്റഡിയിലെടുത്തത്.

No comments:

Post a Comment