Sunday, June 12, 2011


സ്ഥലം സൗജന്യമായി ലഭിച്ചു; കുത്തൂപറമ്പ് സ്‌കൂളില്‍ കുടിവെള്ള സൗകര്യമായി
Posted on: 13 Jun 2011


അരീക്കോട്: പ്രദേശവാസിയായ മണ്ണില്‍തൊടി സൈതലവി ഹാജി കിണറിന് ആവശ്യമായ ഭൂമി സൗജന്യമായി നല്‍കിയതോടെ ഊര്‍ങ്ങാട്ടിരിയിലെ കുത്തൂപറമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി.

ഉയര്‍ന്ന പ്രദേശത്തായതിനാല്‍ സ്‌കൂള്‍ വളപ്പില്‍ കിണര്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടിയിരുന്നില്ല. മുന്‍മുഖ്യമന്ത്രി കരുണാകരന്റെ സ്​പീഡ് പ്രോഗ്രാമില്‍ സ്‌കൂളിലേക്ക് 1993ല്‍ ജല അതോറിറ്റി ഒരു പൈപ്പ് അനുവദിച്ചെങ്കിലും സ്‌കൂള്‍ കുന്നിന് മുകളിലായതിനാലും ടാങ്കില്‍നിന്നും സ്‌കൂളിലേക്ക് നിരവധി കിലോമീറ്റര്‍ അകലമുള്ളതിനാലും അത് ഉപകരിച്ചില്ല. വല്ലപ്പോഴും ലഭിച്ചാല്‍ത്തന്നെ അത് ടാങ്കില്‍ ശേഖരിച്ച് ശുചീകരണാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് പതിവ്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും കുടിക്കുന്നതിനും മറ്റുമുള്ള വെള്ളം തൊട്ടടുത്ത വീടുകളിലെ കിണറുകളില്‍ നിന്ന് ചുമന്നെത്തിക്കുകയായിരുന്നു പതിവ്.

ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിനായി പി.ടി.എ. നാട്ടുകാരുടെ സഹായം തേടിയത്. വിവരമറിഞ്ഞ് സ്‌കൂളിന് കിണര്‍ കുഴിക്കുന്നതിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ സൈതലവി ഹാജി മുന്നോട്ടുവന്നു. സ്ഥലം ലഭിച്ചതോടെ കിണര്‍ കുഴിക്കുന്നതിന് എസ്.എസ്.എ.യില്‍നിന്ന് ഫണ്ട് അനുവദിക്കുകയും ചെയ്തു.

കിണറിന് സ്ഥലം അനുവദിച്ചതിന്റെ രേഖാ കൈമാറ്റം കഴിഞ്ഞദിവസം കുത്തൂപറമ്പില്‍ നടന്നു. ഭൂമി ഉടമ സൈതലവി ഹാജിയില്‍നിന്നും പി.ടി.എ. പ്രസിഡന്റ് എം.ടി. അലിയാപ്പു രേഖകള്‍ ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ സി.ടി. സമീറ അധ്യക്ഷതവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് സി.ടി. വീരാന്‍കുട്ടി, സി.ടി. സിദ്ദീഖ്, പി.കെ. സിദ്ദീഖലി, പി.കെ. അബ്ദുറഹിമാന്‍, പി.പി. മുഹമ്മദ്, അധ്യാപകരായ എം.ടി. ഇബ്രാഹിം, രഞ്ജിത്കരുമരക്കാടന്‍, ലിനിതകുമാരി എം എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ അബ്ദുറഹിമാന്‍ കാരങ്ങാടന്‍ സ്വാഗതവും കെ. അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment