Tuesday, June 14, 2011

അരീക്കോട് പദ്ധതിയുടെ ടെന്‍ഡര്‍ അംഗീകരിച്ചു ഊര്‍ങ്ങാട്ടിരിക്കും ശുദ്ധജലപദ്ധതി

അരീക്കോട് പദ്ധതിയുടെ ടെന്‍ഡര്‍ അംഗീകരിച്ചു ഊര്‍ങ്ങാട്ടിരിക്കും ശുദ്ധജലപദ്ധതി
Posted on: 15 Jun 2011
അരീക്കോട്: 2010 ആഗസ്ത് 13ന് പുനര്‍ ടെന്‍ഡര്‍ നടത്തി ജല അതോറിറ്റി എം.ഡിയുടെ അംഗീകാരത്തിനായി കാത്തുകിടന്ന അരീക്കോട് കുടിവെള്ള പദ്ധതിയുടെ ടെന്‍ഡര്‍ അംഗീകരിച്ചു. അടുത്ത ഡിസംബറിനകം പണി പൂര്‍ത്തീകരിക്കുമെന്ന് ഏറനാട് മണ്ഡലം എം.എല്‍.എ. പി.കെ. ബഷീര്‍ അറിയിച്ചു. ചൊവ്വാഴ്ച ജലസേചന മന്ത്രി പി.ജെ. ജോസഫ് മലപ്പുറം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്ന് എം.എല്‍.എ. പറഞ്ഞു.

അരീക്കോട് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിനുള്ള സ്ഥലം കണ്ടെത്തുകയെന്നതായിരുന്നു ആദ്യ കടമ്പ. തൊഴില്‍ വകുപ്പിന്റെ ഉടമസ്ഥതയില്‍ അരീക്കോട് ഐ.ടി.ഐ. വളപ്പില്‍നിന്ന് 6.29 ലക്ഷം രൂപ മുടക്കി 55 സെന്റ് സ്ഥലം ഗ്രാമപ്പഞ്ചായത്ത് വിലയ്ക്കുവാങ്ങി നല്‍കിയാണ് ഈ പ്രശ്‌നം പരിഹരിച്ചത്. തുടര്‍ന്ന് ഇവിടെ ട്രീറ്റ്‌മെന്റ് പ്ലാന്റിന് 180 ലക്ഷം രൂപയും വിതരണശൃംഖലയ്ക്കും പമ്പിങ് മെഷീനുമായി 309 ലക്ഷം രൂപയും ചെലവ് വരുന്ന എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ അംഗീകരിച്ച് പണി പൂര്‍ത്തീകരിച്ചെങ്കിലും വിതരണശൃംഖലയുടെയും പമ്പിങ് മെഷീന്റെയും ടെന്‍ഡര്‍ അംഗീകരിച്ചില്ല. 2008ന് ഡിസംബര്‍ 10ന് നടന്ന ടെന്‍ഡറില്‍ 53 ശതമാനം കൂടിയ തുക ടെന്‍ഡര്‍ കാണിച്ചതായിരുന്നു കാരണം. ആദ്യ ടെന്‍ഡറിലെ 309 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ഈ ടെന്‍ഡറില്‍ ജല അതോറിറ്റി തന്നെ 326.6 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നുവെന്നതാണ് രസകരമായ വസ്തുത. എസ്റ്റിമേറ്റില്‍ കുറഞ്ഞ വര്‍ധനയായ 38.34 ശതമാനം കാണിച്ച മഞ്ചേരിയിലെ മോഡേണ്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ടെന്‍ഡര്‍ പരിഗണിച്ച കോഴിക്കോട് ചീഫ് എന്‍ജിനിയര്‍ ഇടപെട്ട് 17.4 ശതമാനമായും നോര്‍തേണ്‍ ചീഫ് എന്‍ജിനിയര്‍ ഇടപെട്ട് 12.37 ശതമാനമായും ഈ വര്‍ധന കുറച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് വാട്ടര്‍ അതോറിറ്റി എം.ഡിയുടെ അംഗീകാരം ലഭിക്കാത്തത് കാരണം പണി ആരംഭിക്കാനായില്ല.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 24ന് മാതൃഭൂമി ''ടെന്‍ഡറുകള്‍ക്ക് പുറമെ വീണ്ടും ടെന്‍ഡര്‍:അരീക്കോട്ടുകാരുടെ കുടിവെള്ളത്തിനുള്ള കാത്തിരിപ്പ് നീളുന്നു'' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ രണ്ടിന് ചേര്‍ന്ന അരീക്കോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഈ വിഷയം ചര്‍ച്ച ചെയ്തു. പ്രശ്‌നം എം.എല്‍.എ.യുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മലപ്പുറത്ത് ജലസേചന മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ. പി.കെ. ബഷീര്‍ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍തന്നെ ഫയല്‍ പഠിച്ച മന്ത്രി ടെന്‍ഡര്‍ അംഗീകരിക്കാന്‍ എം.ഡിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇതോടൊപ്പം തന്നെ അംഗീകാരം കാത്ത് കഴിയുന്ന ഊര്‍ങ്ങാട്ടിരിയിലെ കുടിവെള്ള പദ്ധതിയുടെ കാര്യവും എം.എല്‍.എ. മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാവണ്ണ, തെഞ്ചേരി, കൂത്തുപറമ്പ്, മൈത്ര, പൂവത്തിക്കല്‍, കല്ലെരട്ടി, തെരട്ടമ്മല്‍, കളപ്പാറ, വടക്കുംമുറി, ഈസ്റ്റ് വടക്കുംമുറി പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനുവേണ്ടി 620 ലക്ഷം രൂപ ചെലവ് വരുന്ന ഈ പദ്ധതി ഒരു വര്‍ഷം മുമ്പാണ് അംഗീകാരത്തിനയച്ചത്.

രണ്ട് പദ്ധതികളും അടുത്ത ഡിസംബറിന് മുമ്പ് പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.

No comments:

Post a Comment