Tuesday, June 21, 2011

പത്തനാപുരം ജി.എല്‍.പി സ്‌കൂള്‍ നടത്തിപ്പ് പ്രതിസന്ധിയിലേക്ക്


Posted on: 22 Jun 2011

അരീക്കോട്: കിഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം ജി.എല്‍.പി സ്‌കൂള്‍ നടത്തിപ്പ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളില്‍ ആകെയുള്ള എട്ട് ഡിവിഷനുകളില്‍ ഓരോ ക്ലാസ്സുകളിലെയും എ, ബി ഡിവിഷനുകള്‍ തമ്മില്‍ രണ്ടര കിലോമീറ്റര്‍ അകലമുള്ള ഇവിടെ ഈവര്‍ഷം ഒന്നാംക്ലാസ്സില്‍ ഒരു ഡിവിഷന്‍ നഷ്ടപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

1954ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പത്തനാപുരം പള്ളിപ്പടിയിലെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കുട്ടികള്‍ക്കനുസരിച്ച് ഡിവിഷനുകള്‍ വര്‍ധിച്ചപ്പോള്‍ തൊട്ടടുത്ത മദ്രസ കെട്ടിടം വാടകയ്‌ക്കെടുത്ത് ചില ഡിവിഷനുകള്‍ അവിടേയ്ക്ക് മാറ്റി. ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് പില്‍ക്കാലത്ത് മദ്രസ കമ്മിറ്റി അനുമതി പിന്‍വലിച്ചപ്പോള്‍ നാല് ഡിവിഷനുകളും അതോടൊപ്പം അധ്യാപകന്‍േറതുള്‍പ്പെടെ അഞ്ചുപേരുടെ ജോലിയും നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായി.

ഈ ഘട്ടത്തിലാണ് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ എന്‍. രാമചന്ദ്രനും കെ. അബ്ദുസ്സലാമും മുന്‍കൈയെടുത്ത് നാല് ഡിവിഷനുകള്‍ രണ്ടര കിലോമീറ്റര്‍ അകലെയുള്ള വെസ്റ്റ് പത്തനാപുരം മദ്രസയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയത്.

ജോലി നഷ്ടപ്പെടുമായിരുന്ന അധ്യാപകരെക്കാള്‍ വെസ്റ്റ് പത്തനാപുരത്തുകാര്‍ക്കാണിത് ഏറ്റവുമധികം സന്തോഷം നല്‍കിയത്. ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലെ ഓരോ ഡിവിഷനുകള്‍ തങ്ങളുടെ പ്രദേശത്തെ മദ്രസയില്‍ തുടങ്ങിയതോടെ പിഞ്ചുകുട്ടികള്‍ മദ്രസവിട്ട് രണ്ടര കിലോമീറ്റര്‍ ദൂരം ഓടി സ്‌കൂളിലെത്തിയിരുന്ന ദുരവസ്ഥയ്ക്ക് പരിഹാരമായി.

അതേസമയം സ്‌കൂള്‍ പ്രധാനാധ്യാപകന് ഇതൊരു ഭാരമായാണ് മാറിയത്. ഒരു ഓഫീസിന് ഒന്നിലധികം ഒപ്പുപട്ടിക നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് മാതൃവിദ്യാലയത്തിലെ അധ്യാപകര്‍ ഒപ്പിട്ടശേഷം പി.ടി.സി.എം ഒപ്പുപട്ടികയുമായി വെസ്റ്റ് പത്തനാപുരത്തുപോയി അവിടെയുള്ള അറബി അധ്യാപകരുള്‍പ്പെടെയുള്ള അഞ്ചുപേരുടെയും ഒപ്പ് വാങ്ങി തിരിച്ച് ഓഫീസിലെത്തിക്കണം.

500ലധികം കുട്ടികള്‍ ഉണ്ടെങ്കിലെ ഒരു സ്‌കൂളില്‍ രണ്ട് പാചകക്കാരെ നിയമിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. അത്രയും കുട്ടികളില്ലെങ്കിലും ഈ സ്‌കൂളില്‍ രണ്ടുസ്ഥലത്തേക്ക് രണ്ടുപേരെ നിയമിക്കേണ്ടിവന്നതും മറ്റൊരു പ്രശ്‌നമായിരുന്നു.

പ്രശ്‌നങ്ങള്‍ക്കിടെ 2004ല്‍ ഈസ്റ്റ് പത്തനാപുരത്ത് സ്‌കൂളിനുവേണ്ടി അഞ്ച് ക്ലാസ്മുറികളുള്ള ഒരു കെട്ടിടവും വെസ്റ്റ് പത്തനാപുരത്ത് 2010ല്‍ അഞ്ച് ക്ലാസ്മുറികളുള്ള ഒരു കെട്ടിടവും എസ്.എസ്.എയുടെയും ഗ്രാമപ്പഞ്ചായത്തിന്റെയും സഹായത്തോടെ സ്വന്തമായി നിര്‍മിച്ചു. ഇതോടെ സ്‌കൂളിന് ഒരോഫീസാണെങ്കിലും ഫലത്തില്‍ രണ്ട് സ്‌കൂള്‍ എന്നതായിരുന്നു സ്ഥിതി. എങ്കിലും എട്ട് ഡിവിഷനുകള്‍ നിലനിന്നതിനാല്‍ കഴിഞ്ഞകാലങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ നടന്നുവരികയായിരുന്നു.

ഈവര്‍ഷം ഒന്നാംക്ലാസ്സില്‍ രണ്ട് ഡിവിഷനുകള്‍ക്കുള്ള കുട്ടികള്‍ എത്തിച്ചേരാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഒന്നാംക്ലാസ്സില്‍ അടുത്ത ജൂലായ് 15 മുതല്‍ ഒരു ഡിവിഷന്‍ മാത്രമെ ഉണ്ടാവുകയുള്ളൂ. ഒരു പ്രൈമറി അധ്യാപകനും ഒരു അറബി അധ്യാപകനും ജോലി നഷ്ടപ്പെടുമെന്നതിലപ്പുറം ഒന്നാംക്ലാസ്സിലെ ഒരു ഡിവിഷന്‍ ഏത് പത്തനാപുരത്ത് പ്രവര്‍ത്തിപ്പിക്കണമെന്ന കാര്യത്തില്‍ രണ്ട് പ്രദേശത്തുകാരും തര്‍ക്കം തുടങ്ങിക്കഴിഞ്ഞു.

ഒന്നാംക്ലാസിലേക്കുള്ള കൂടുതല്‍ കുട്ടികളും വെസ്റ്റ് പത്തനാപുരത്തുനിന്നായതിനാല്‍ ഡിവിഷന്‍ അവിടെ നിലനിര്‍ത്തണമെന്നാണ് അവിടത്തുകാരുടെ ആവശ്യം.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം തീര്‍ക്കണമെങ്കില്‍ സ്‌കൂള്‍ രണ്ടായി വിഭജിക്കുക മാത്രമാണ് പോംവഴി. 2010ല്‍ വെസ്റ്റ് പത്തനാപുരത്തെ കെട്ടിട ഉദ്ഘാടനത്തിനെത്തിയ അന്നത്തെ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെയും ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയും അന്നത്തെ എം.എല്‍.എയുമായ പി.കെ. അബ്ദുറബ്ബിന്റെയും ശ്രദ്ധയില്‍ ഇക്കാര്യം നിവേദനം മുഖേന നാട്ടുകാര്‍ കൊണ്ടുവന്നിരുന്നു. അതിന്റെ ഭാഗമായി ഡി.പി.ഐയില്‍നിന്ന് അന്വേഷണ റിപ്പോര്‍ട്ടും ആവശ്യപ്പെടുകയുണ്ടായി. സ്‌കൂള്‍ വിഭജനത്തിനനുകൂലമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് വണ്ടൂര്‍ ഡി.ഇ.ഒയിലാണ് ഇപ്പോഴുള്ളതെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.

No comments:

Post a Comment